Friday, January 2, 2009

ആ ഷൂസ് ഒരു തുപ്പലാണ്...

മുന്തളിര്‍ അല്‍ സൈദ്,
ജനതയുടെ വീര പുത്രാ,
താങ്കള്‍ക്കു നന്ദി.
ഇറാഖിന്‍റെ തെരുവോരങ്ങളില്‍ നിന്നു
ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന
ആര്‍ത്ത നാദത്താല്‍ തപിച്ച
ഞങ്ങളുടെ ഹൃദയത്തിലിപ്പോള്‍
കുളിര്‍ കാറ്റു വീശുന്നു .
നീണ്ട കാല രാത്രികള്‍ക്ക് ശേഷം
ഞങ്ങളിന്നു നന്നായുറങ്ങും.
ആഗോള ഹിംസയുടെ മ്ലേച്ച പ്രതീകത്തിന് നേരെ
താങ്കളുടെ ആ തുപ്പലുണ്ടല്ലോ,
അബലന്റെ അവസാന ആയുധം..
യാങ്കിയുടെ ഇരുട്ടിന്റെ തടവറക്കുള്ളില്‍
മൃഗീയതയുടെ കരാള ഹസ്തങ്ങള്‍ ദേഹത്ത്
രക്തപ്പാടുകള്‍ തീര്‍ക്കുമ്പോള്‍
പ്രിയ സഹോദരാ,
താങ്കള്‍ കരയരുതേ...
ഈ ഗാനം,
ഹൃദയം കൊണ്ടു കേള്‍ക്കൂ.
ബാഗ്ദാദിലും ലോകത്തെവിടെയും
ചെകുത്താന്റെ മുഖമുള്ളവന്‍
കടിച്ചു തുപ്പിയ ആത്മാക്കളുടെ
ആഹ്ലാദ ഗീതം
താങ്കള്‍ക്കു കേള്‍ക്കാവുന്നില്ലേ ?
മനസ്സു ത്രസിക്കുകയും
ആത്മാഭിമാനം പിടഞ്ഞുയരുകയും ചെയ്യുന്ന
ഈ നിമിഷം,
അറിയാതെ ചോദിക്കുന്നു,
ഏത് ധീര മാതാവിന്‍റെ
ഗര്‍ഭ പാത്രത്തിലാണ് താങ്കള്‍ പിറവിയെടുത്തത്?
ഇനിയുമെന്നാണ് താങ്കളെ പോലൊരാള്‍...?

പുതുവര്‍ഷം ?

കൂട്ടുകാരാ,
ആയുസിന്‍റെ
വര്‍ണ്ണാഭമായ പുസ്തകത്തില്‍ നിന്ന്,
ഒരാണ്ടിന്റെ കൂടി
താളുകള്‍ കീറുന്നു.
നിഷ്ഫലമായൊരു
ആശംസ നേരാതിരുന്നാല്‍,
സത്യത്തില്‍ ,
നീ എന്നോട് പരിഭവിക്കുമോ?
കേട്ട പാട്ടൊന്നുമല്ല മധുരമെന്നും,
കേള്‍ക്കാനിരിക്കുന്നതിനെ കാത്തിരിക്കണമെന്നും
പറഞ്ഞവള്‍ വിടവാങ്ങാന്‍ ഒരുങ്ങുന്നു.
വിഷാദം നിറച്ചു വെച്ചൊരു പുഞ്ചിരിയോടെ..
പുലരിയുടെ തുടിപ്പാര്‍ന്ന
പുത്തന്‍ പ്രത്യാശയുടെ മുകുളങ്ങള്‍
മുമ്പൊരിക്കലും വാടാതിരുന്നിട്ടില്ല എന്നാണോ ?
പുതു വര്‍ഷമെന്നെ വിഭ്രമിപ്പിക്കാത്തതും
പിന്‍ വര്‍ഷമെന്നെ കരയിപ്പിക്കാത്തതും
എന്ത് കൊണ്ടാണ് ?
നന്മയുടെ പൂന്തോട്ടത്തില്‍ ഞാന്‍
കാവല്കാരനായിരുന്നു...
ഇരുട്ടിനു ശേഷം വെളിച്ചവും
പഞ്ഞത്തിനു ശേഷം സമൃദ്ധിയും
രോഗത്തിന് ശേഷം ആരോഗ്യവും
ഞാന്‍ സ്വപ്നം കണ്ടിരുന്നു.
ഞാനിന്ന് (എന്നും) ജീവിക്കുകയായിരുന്നു....
അത്ഭുതം, ഇപ്പോള്‍,
സാത്താന്റെ ധാന്യപ്പുരക്ക്
തീ പിടിച്ചിരിക്കുന്നു.
ലോകം തിരിച്ചു നടക്കുന്നു....
പ്രിയ സുഹൃത്തേ,
ഒടുക്കം,
കാലത്തിന്റെ ഈ ഇലയിലും
മഞ്ഞു വീഴും.
ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങള്‍ക്ക് ശേഷം,
ഹിമക്കട്ടകള്‍ അതിനെ വിഴുങ്ങും.
അപ്പോഴും,
പുതുവര്‍ഷാശംസകള്‍ നേരാന്‍
ആരാണാവോ ബാക്കിയുണ്ടാവുക...?
സ്നേഹപൂര്‍വം ,