Tuesday, December 28, 2010

സ്നേഹത്തിന്റെ മറ്റൊരു കണക്കു പുസ്തകം.


നിനക്കറിയുമോ,
സ്നേഹത്തിന്റെ ഈ പുസ്തകവും തുറന്ന് വെച്ച്
ഞാനീ ഇരിപ്പിരിക്കാന്‍ തുടങ്ങിയിട്ട്
നേരമെത്രയായെന്നു?
ആണ്ടറുതിയുടെ
വ്യാകുലതകളില്‍ മനസ്സുടക്കി
വീണ്ടു വിചാരത്തിന്റെ കപടതക്ക്
ആമുഖം കുറിക്കാന്‍
ഒരു ചടഞ്ഞിരിപ്പ്.

ഇപ്പോള്‍
എനിക്ക് തോന്നുന്നു,
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍
അതില്‍ കത്തുന്ന ഒരാത്മാവുണ്ടായിരിക്കുമെന്ന്.
ഞാന്‍ നിന്നെ
സ്നേഹിക്കുന്നു എന്ന്
നീയെന്നോട്‌ പറയുമ്പോള്‍
ഉഷ്ണ പ്രവാഹത്തില്‍ ഉരുകിയൊലിക്കുന്ന
മനസ്സിന്റെ തേങ്ങലുകള്‍ ഉണ്ടായിരുന്നുവെന്നു.

നിഷ്കളങ്ക കൗമാരത്തിന്റെ 
വസന്ത കാലത്ത്
ഈ പുസ്തകത്തില്‍ നിറയെ
സ്നേഹ സങ്കീര്‍ത്തനത്തിന്റെ
 
വെളുത്ത താളുകളായിരുന്നു.

പിന്നീട്,
നിറയെ കുത്തി വരച്ചു
നീയത് വികൃതമാക്കിയത്
എന്തിനായിരിക്കും?

നീ കാണാതെ ഞാനൊളിപ്പിച്ച
മയില്‍‌പീലി തുണ്ടിനെ
പോക്ക് വെയിലിന്റെ
ഉമ്മറത്തിട്ടു കൊടുത്തതും
എന്തിനായിരിക്കും?


ഇന്നീ പുതുവര്‍ഷ തലേന്ന്
ആകെ കെട്ടു പിണഞ്ഞ
സ്നേഹത്തിന്റെ കണക്കുപുസ്തകത്തില്‍ നോക്കി
തലപുകഞ്ഞു ഞാനിരിക്കുന്നു.
ലാഭമെത്ര...നഷ്ടമെത്ര.....?

പഴകി പൊടിഞ്ഞു തുടങ്ങിയ
ഈ പുസ്തകത്തില്‍ നിന്ന്
ഏറെ താളുകളും നഷ്ടപ്പെട്ടിരിക്കുന്നു
എന്നോര്‍മിപ്പിക്കുമ്പോള്‍
നീ തല തല്ലി ചിരിക്കുന്നതെന്തിനാണ്..?

എങ്കിലും,
പറഞ്ഞും പറയാതെയുമൊഴുകിയ
നിന്റെ സ്നേഹത്തിന്റെ
കുളിര്‍ നീരുറവയില്‍  
ഞാനിത്തിരി നേരം മുങ്ങി കിടക്കട്ടെ. 

ലാഭ ചേദങ്ങള്‍ പൂജ്യമാകുന്ന
നിന്റെ ഓര്‍മയുടെ തീരത്ത്,
ഒരു നീല പൊന്മാന്‍
കണ്പാര്‍ക്കുന്നതെന്തായിരിക്കും.?
……

Wednesday, August 25, 2010

നാം ഇനിയും കണ്ടുമുട്ടുമെന്നോ..?

അന്ന്,
ആദ്യമായി നിന്നെ കണ്ടത്,
കെമിസ്ട്രി ലാബിന്റെ അരണ്ട വെളിച്ചത്തിലായിരുന്നു.
പിപ്പെറ്റും ബ്യൂരെറ്റും പിന്നെ ടിള്‍ട്രെഷനും  തീര്‍ത്ത കണ്ഫ്യൂഷനില്‍
ഞാന്‍ വിഷണ്ണനായി നില്‍ക്കുമ്പോള്‍,
നേര്‍ത്ത പുഞ്ചിരിയോടെ നീ അടുത്ത് വന്ന്,
തെറ്റും ശരിയും വേര്‍തിരിച്ച് ,
പിന്നീടൊന്നുമുരിയാടാതെ,
നടന്നു പോയി.

ഉച്ചയൂണിന്റെ നേരത്ത്,
ആണ്‍ കുട്ടികളുടെ ബെഞ്ചില്‍
സ്ഥിരമായി അവശേഷിക്കുന്ന എന്നെ തിരഞ്ഞ്,
സീനിയര്‍ പെണ്‍കുട്ടികള്‍ എത്തിയപ്പോള്‍,
അവനെ വിട്ടേക്കൂ എന്നുരഞ്ഞു,
പിന്നെയും നീയെന്നെ രക്ഷിച്ചു.

(അന്ന് നീ പങ്കു വെച്ച,
ഉച്ചയൂണിന്റെ സ്വാദ്,
അന്നോ പിന്നീടോ ഞാനാരോടും പറഞ്ഞില്ല.)

ആകാശത്തിന്റെ
അനന്തമായ താരാപധത്തില്‍ നിന്ന്.
തിളങ്ങുന്ന ഒരു നക്ഷത്ര കുഞ്ഞ് ,
നിന്റെ കണ്ണുകളില്‍ കൂട് കൂട്ടിയത്,
ഞാന്‍ തിരിച്ചറിഞ്ഞത്
വളരെ പെട്ടെന്നായിരുന്നു.

മാസങ്ങളുടെ ഇടവേളയില്‍,
അതെ നക്ഷത്രക്കുഞ്ഞു,
മറ്റൊരുവളുടെ കണ്ണുകളിലേക്കു
ചേക്കേറിയപ്പോള്‍
ഞെട്ടിയത് ഞാനോ നീയോ?

ആദ്യം,
പെങ്ങളെന്നു വിളിച്ച്,
പിന്നെ പെണ്ണേ എന്നും,
വീണ്ടും....
കലാലയത്തിന്റെ പടിയിറങ്ങുമ്പോള്‍
നീയെനിക്കാരായിരുന്നു.?
എന്തായാലും അന്യരാവാതിരിക്കാന്‍
നമുക്കിടയില്‍ കാരണമൊന്നും ഉണ്ടായിരുന്നില്ല.
*********************************************

ഇന്ന്,
ഇരുപതാണ്ടിന്റെ ഓര്‍മ്മകള്‍ പേറി,
വിവര വിദ്യയുടെ കുരുക്കില്‍ കുരുങ്ങി,
നീ വീണ്ടും എന്റെ വിരല്‍ തുമ്പില്‍.
ഒരു ക്ലിക്ക് കൊണ്ട്,
ഞാന്‍ ചിരിച്ചതും ദേഷ്യപ്പെട്ടതും
നീ അനുഭവിക്കുന്നു.
പക്ഷെ വേണ്ടാ.

എന്റെ ജീവിതം പോലെ സംതൃപ്തമായതൊന്നു
നിനക്ക് കൂടി ആശംസിച്ചു
ഞാന്‍ വഴിയൊഴിഞ്ഞു പോകുന്നൂ.
വീണ്ടും കണ്ടു മുട്ടാമെന്ന ഒരു വാക്കും നോക്കും നേരാതെ,
നൊമ്പരപ്പെടുത്താതെ....

നിന്നെ ഞാന്‍
പെയ്തൊഴിയാത്ത
വര്‍ഷമെന്ന് വിളിക്കട്ടെ...

Saturday, August 7, 2010

നാം കഴുതകള്‍..(കഴുതകളെ ക്ഷമിക്കുക)



വാര്‍ത്ത പൊട്ടി വീണത്‌,
ഗാഡ നിദ്രയുടെയൊന്നും
നേരത്തായിരുന്നില്ല.

എന്നിട്ടും,
ചെവിടും മനസ്സും
കൊട്ടി അടച്ചു
ഉഗ്രമായുരങ്ങുന്നവനെ പോലെ
ഞാനമര്‍ന്നു കിടന്നു.

(
ഏറെ പണിപ്പെടാതെ
ഇങ്ങിനെയൊക്കെ
ആയി തീരുവാന്‍
എന്നെ പരിശീലിപ്പിച്ചത് കാലമോ ?)

ഇപ്പോള്‍
ചുറ്റിലും ആസുര നൃത്തത്തിന്റെ
ചിലമ്പൊലികള്‍.
വേദ മന്ത്ര ധ്വനികള്‍.
സിദ്ധന്‍ വരുന്നു.
വിശേഷപ്പെട്ടവന്‍.
ചുറ്റിലും പ്രമാണിമാര്‍.
വശ്യമാം പുഞ്ചിരി.

എനിക്കെഴുന്നേറ്റു നില്‍ക്കണം.
പാദാരവിന്ദങ്ങളില്‍
പ്രമാണം അര്‍പ്പിക്കണം.
അസ്വസ്ഥമായ മനസ്സിന്റെ
വിഹ്വലതകള്‍
ഇറക്കി വെക്കണം.
ഞാന്‍ ഊഴം കാത്തിരിക്കാം...
................................
ഇടിത്തീ,
എല്ലായ്പോഴും
അങ്ങിനെയാണ്.
നിനച്ചിരിക്കാതെ,
ക്ഷണിക്കാതെ....

ഇപ്പോള്‍,
ഞാന്‍ ഉണര്‍ന്നിരിക്കുന്നു.
(
അല്ല എന്നെ ഉണര്ത്തിയതാണ്.. .)
ചിലങ്കകള്‍ക്ക് പകരമിപ്പോള്‍
പോലീസ് ബൂട്ടിന്റെ മര്‍മരങ്ങള്‍.
കണ്ണും കരളും ചേര്‍ന്ന നിവേദ്യത്തില്‍
മുങ്ങി താഴ്ന്ന സ്ത്രീയുടെ നിലവിളി.
രമ്യ ഹര്മങ്ങളില്‍
നുരക്കുന്ന മദ്യം.
ശാന്തി തീരത്ത് നഷ്ടപ്പെട്ടതും
അതൊന്ന്.

വ്യര്ധമായിരുന്നു അതൊക്കെയും...
ഇപ്പോള്‍ എന്റെ അസ്വസ്ഥതകള്‍
രൌദ്ര ഭാവം പ്രാപിക്കുന്നില്ല.
ഞാന്‍ സ്വതന്ത്രനാവുന്നു.
വെളിച്ചം,
മനസ്സിലൂടെ നിറഞ്ഞ്,
ഗുരുവിനെ തിരഞ്ഞ്,
കടങ്കഥ പറഞ്ഞ്,
പരന്നൊഴുകുന്നു.

(പ്രകോപനം.സന്തോഷ്‌ മാധവന്‍.
കപട സന്യാസിമാര്‍ക്ക് ജാതിയും മതവുമില്ല.
(
ഈ കവിത മലയാളം ന്യൂസ്‌-ജിദ്ധ അക്കാലത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.)