Wednesday, August 21, 2013

രണ്ട് കടത്ത് തോണികള്‍ മന്ത്രിക്കുന്നത്.



ശരിയാണ്.
നമ്മെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു.
ചില ഊഷ്മള ഹൃദയ വിചാരങ്ങള്‍.
കുത്തൊഴുക്കിലും കരക്കടുക്കാന്‍
വേദനകള്‍ പങ്കായമാകുമെന്ന്
നമ്മോട് പറഞ്ഞ നക്ഷത്രവും.
ഒക്കെ ശരിയാണ്.
അപക്വ ചിന്തകളുടെ ഹിമക്കട്ടയില്‍
യാഥാര്‍ത്യങ്ങളുടെ വെയില്‍ നാളങ്ങള്‍
ഒന്ന് തൊട്ടുരുമ്മിയപ്പോള്‍
ബന്ധ(ന)ങ്ങളുടെ രസച്ചരടുകള്‍ ആവിയായി.
----------------------------------------------------------
ഒക്കെ ശരിയാണ്.
വ്യര്‍ത്ഥമോഹങ്ങളുടെ  ഭാണ്ടക്കെട്ടുമേന്തി
ഈ കളിത്തോണിയില്‍
ജീവിത സമസ്യകളുടെ പാരാവാരം കടക്കുക സാധ്യമായിരുന്നില്ല.
കരകളില്‍ കാത്തിരുന്നവര്‍ക്ക്
അവരുടെ കടമകളുടെ കെട്ടുകള്‍
ഭദ്രമാക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ.
രക്തമൂറിയ നമ്മുടെ ഹൃദയവും,
നനഞ്ഞ മിഴികളും
തോറ്റ നക്ഷത്രവും മാത്രം ബാക്കിയായി.
...............................................................
ഇപ്പോള്‍ ഇരു കരകളിലും
യാത്രക്കാര്‍ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു.
അതെ,
നിന്റെ മിഴികളില്‍ അന്നത്തെ അതേ നനവും
തിളക്കവും ബാക്കിയുണ്ടെങ്കില്‍
ആ നക്ഷത്രം ഇപ്പോഴും ചിലതെല്ലാം
നമ്മോട് മന്ത്രിക്കുന്നുണ്ട്.
................................................................

നിനക്കതു കേള്‍ക്കാന്‍  സാധിച്ചിരുന്നെങ്കില്‍...

(ചാലിയാര്‍ പുഴയിലെ പണ്ട് കണ്ട രണ്ടു തോണികള്‍ ----.അതല്ല ജീവിച്ചിരുന്ന രണ്ടാത്മാക്കള്‍ ആയിരുന്നു ഇവയെന്നും പഴമക്കാര്‍ പറയുന്നുണ്ട്..)

Wednesday, August 14, 2013

സമര സഖാക്കള്‍ക്ക് സ്നേഹപൂര്‍വ്വം.





എങ്കിലും എന്‍റെ പ്രിയ സമര സഖാക്കളേ..!!!
സത്യത്തില്‍ ഇതിനേക്കാള്‍ ഊഷ്മളതയോടെയും സഹാനുഭൂതിയോടെയും വേണം ഇപ്പോള്‍ നിങ്ങളെ അഭിസംബോധന ചെയ്യാന്‍ എന്നെനിക്ക് അറിയാഞ്ഞിട്ടല്ല. ആദ്യമേ പറയട്ടെ, ഞാനൊരു ഇടതുപക്ഷ അനുഭാവിയോ, സമരാനുകൂലിയോ അല്ല. മറിച്ച്, എതിര്‍ പാളയത്തില്‍ ശക്തിയോടെ ഉറച്ചു നിന്ന ഒരു വലതു മനസ്കനാണ് താനും. കടുത്ത ശത്രുവിന് പോലും അപമാനകരമായ ഒരു ജീവിതാനുഭവം നേരിടുമ്പോള്‍, അതിനോട് സഹതപിക്കേണ്ടത് മനുഷ്യത്തപരമായ കര്‍ത്തവ്യമായതിനാലാണ് അങ്ങേയറ്റം ഇഷ്ടത്തോടെ നിങ്ങള്‍ക്ക് ഞാനീ ചെറു കുറിപ്പ് എഴുതുന്നത്‌.

തലയില്‍ ഇടിത്തീ വീണത്‌ പോലെ സ്തംഭിച്ചു നില്‍ക്കുന്ന നിങ്ങളുടെ (ചില മാധ്യമ പ്രവര്‍ത്തകരുടെയും) ഇപ്പോഴത്തെ ഈ അവസ്ഥയില്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് ക്രൂരമാകും എന്നെനിക്കറിയാം. സമരം തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പ്‌ ഞാനെന്‍റെ ഒരു ഇടതുപക്ഷ സുഹൃത്തുമായി സംസാരിച്ചിരുന്നു. ഈ ഗവര്‍മെന്റിന്‍റെ രൂപീകരണ ശേഷം നിങ്ങള്‍ നടത്തിയ ക്ലച്ചു പിടിക്കാതെ പോയ ഓരോരോ സമരത്തിന്‍റെയും പേരെടുത്തു പറഞ്ഞു കൊണ്ട് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഈ സമരം കൊണ്ട് നിങ്ങള്‍ എന്ത് നേടും..?





ഒരു സംശയവുമില്ലാതെ അദ്ദേഹം പറഞ്ഞു, ഉമ്മന്‍ ചാണ്ടിയുടെ രാജി. മാത്രമല്ല രാജിയുടെ രണ്ടാം ദിവസം അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യും. പിന്നെ കൂട്ട് പ്രതികളായ, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം എല്‍ എ മാര്‍, തുടങ്ങിയവരെ ഒക്കെ. “ഈ സമരം മുമ്പത്തെ ഒരു സമരം പോലെയുമായിരിക്കില്ല. അതിനു മാത്രം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട് പാര്‍ട്ടി നേതൃത്വം. എത്ര തന്നെ നീണ്ടു നിന്നാലും, എത്ര സഹനം ആവശ്യമായി വന്നാലും, ആവശ്യം നേടിയിട്ടല്ലാതെ ഞങ്ങള്‍ തലസ്ഥാന നഗരി വിടില്ല.”

ഈ ആവേശത്തിന്‍റെ എത്രയോ ഇരട്ടിയായിരുന്നു സമരത്തിനു പുറപ്പെടുമ്പോള്‍ നിങ്ങളുടെ നാട്ടുകാരും നിങ്ങളുമൊക്കെ പ്രകടിപ്പിച്ചിരുന്നത് എന്ന് ദൃശ്യമാധ്യമങ്ങള്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നിരുന്നു. (ഏറെ പുണ്യം ലഭിക്കും എന്ന് വിശ്വാസികള്‍ കരുതുന്ന ഹജ്ജ്‌, ശബരിമല, യാത്രികര്‍ക്ക് വീട്ടുകാരും നാട്ടുകാരും നല്‍കുന്ന യാത്രയയപ്പ് ചടങ്ങുകളെ ഓര്‍മിപ്പിച്ചിരുന്നു അവ.) ശരണം വിളികളെയും തക്ബീര്‍ വിളികളെയും തോല്പ്പിക്കുന്നത്ര ഉശിരില്‍ നിങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങളില്‍ എത്ര എത്ര പേരാണെന്നോ ആത്മ പുളകിതരായത്..?

അപ്പോഴും ആ ചടങ്ങുകളില്‍ മ്ലാനവദരായി നിന്നിരുന്ന ഒരു പറ്റം ചെറുപ്പക്കാരെ ആവേശത്തള്ളിച്ചയില്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ലാവലിന്‍കേസില്‍ 374 കോടി രൂപ  ഖജനാവിന് നഷ്ടപ്പെടുത്തിയ കേസില്‍ ഏഴാം പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പാര്‍ട്ടി സെക്രട്ടറിയും, ഭൂമി ദാന കേസില്‍ നടപടികള്‍ നേരിടുന്ന പ്രതിപക്ഷ നേതാവുമൊക്കെ നയിക്കുന്ന ഈ സമരത്തിന്‍റെ പര്യവസാനം എന്താകുമെന്ന് ദീര്‍ഘദര്‍ശനം ചെയ്ത സഖാക്കളായിരുന്നു അവര്‍.

സമരം ഉദ്ഘാടനം ചെയ്യുന്ന  മുന്‍ പ്രധാനമന്ത്രി ദേവഗൌഡ കര്‍ണ്ണാടകത്തില്‍ നേരിടുന്ന അഴിമതി കേസുകളും, ബി.ജെ.പി യോട് സംബന്ധത്തിനു കാത്തിരിക്കുന്ന മകന്‍ കുമാരസ്വാമിക്കെതിരിലുള്ള അറ്റമില്ലാത്ത അഴിമതിക്കഥകളും, തമിഴനാട്ടിലെ നിങ്ങളുടെ സഖ്യകക്ഷി നേതാവ്, മുഖ്യമന്ത്രി, കുമാരി ജയലളിതക്കെതിരില്‍ നിലനില്‍ക്കുന്ന അനധികൃത സ്വത്ത് സമ്പാദനം, പിറന്നാള്‍ ചെക്ക് കേസുകളില്‍ നടക്കുന്ന വിചാരണ നടപടികളും, ഈ സമരത്തിന്‍റെ ചൈതന്യവും, ധാര്‍മ്മിക ശേഷിയും എത്രത്തോള ചോര്‍ത്തിക്കളയുന്നു എന്ന്, കേരളത്തിലെ നിഷ്പക്ഷരായ അനേക ലക്ഷങ്ങളോടൊപ്പം അവരും ചിന്തിച്ചിരിക്കാം.



കൂടെ, സമര വിഷയകമായ സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഒരു കേസ്‌ പോലും ഇല്ലാത്തതും, നിലവിലുള്ള തട്ടിപ്പ് കേസുകളില്‍ കാര്യക്ഷമമായ അന്വേഷണത്തിലൂടെ കൃത്യമായ നടപടികള്‍ അന്വേഷണ സംഘം സ്വീകരിക്കുന്നതും ശ്രദ്ധിക്കുന്ന പൊതു ജനങ്ങള്‍, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ ‘തഹരീര്‍ ചത്വര’ മാതൃകയില്‍ വളഞ്ഞു പിടിച്ചു പുറത്താക്കാന്‍ സമരം നടത്തുന്നതിലെ അസാംഗത്യവും അശ്ലീലതയും തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ഏതു അന്വേഷണവും ആവാമെന്ന് അദ്ദേഹം പലവുരു പറഞ്ഞിരുന്നല്ലോ...

അപ്പോള്‍ ഞാന്‍ പറഞ്ഞ് വരുന്നത്. ഇപ്പോഴത്തെ നിങ്ങളുടെ സങ്കടകരമായ ഈ അവസ്ഥ വിധി കൊണ്ട് മാത്രം സംഭവിച്ചതല്ല എന്നാണ്. തിരിഞ്ഞു കടിക്കാന്‍ കാത്തിരുന്ന സോളാര്‍ പാമ്പിനെ എടുത്ത് തലവഴി ഇട്ടു തന്നത് അധികാര ആര്‍ത്തി മൂത്ത നിങ്ങളുടെ നേതാക്കള്‍ തന്നെയായിരുന്നു. അല്ലെങ്കിലും എന്‍റെ അത്ഭുതം, പഠനത്തിന്‍റെയും മനനത്തിന്‍റെയും ഉജ്ജ്വല പാരമ്പര്യമുള്ള ഇടതു പക്ഷ അണികള്‍ ചരിത്രപരമായ ഇത്തരമൊരു വിഡ്ഢിത്തത്തിനു എങ്ങിനെ നിന്ന് കൊടുത്തു എന്നതിലാണ്. അതല്ലെങ്കില്‍ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍ എന്ന രക്ത സാക്ഷിയുടെ വിധവ 'ഉമയുടെ'നെഞ്ചുലക്കുന്ന ഈ കണ്ണീരിന്റെ ശാപം നിങ്ങളെ ബാധിച്ചതാണോ.? അല്ലെങ്കില്‍ കണ്ണൂരിലെ ഷുക്കൂറിന്റെ ഉമ്മയുടെ.? തലശ്ശേരിയിലെ ഫസലിന്റെയും ജയകൃഷ്ണന്‍ മാഷുടെയുമൊക്കെ ബന്ധുക്കളുടെ..?



ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ‘എന്‍റെ ഓഫീസ്‌’ അന്വേഷണ പരിധിയില്‍ വരില്ല എന്ന് വ്യക്തമായി കേട്ട ശേഷവും ഉപരോധം നിറുത്തുന്നു എന്ന് പ്രഖ്യാപിച്ച നേതൃത്വത്തിന്‍റെ തലയില്‍ എന്തായിരുന്നു എന്ന് ഇനി ആലോചിച്ചിട്ടു കാര്യമില്ല. എന്ത് വിഡ്ഢിത്തമാണ് നിങ്ങള്‍ ഈ കാട്ടുന്നത് എന്ന് ചോദിക്കാന്‍, ഒന്ന് ഒച്ച വെക്കാന്‍, അണികളായി ഒരു ആണ്‍തരി പോലും അപ്പോള്‍ അവിടെ ഉണ്ടാകാതെ പോയത് നിങ്ങളുടെ പ്രസ്ഥാനം എത്തിപ്പെട്ട അതിരുകവിഞ്ഞ ദാസ്യബോധത്തിന്‍റെ ദുര്യോഗമാണ് കാട്ടിത്തരുന്നത്.

ഇത്ര മാത്രം ഒരുക്കങ്ങളോടെ നടത്തിയ ഈ സമരം തീര്‍ക്കാന്‍, ഇത്ര ബദ്ധപ്പാട് എന്തിനെന്നെങ്കിലും ചോദിക്കാമായിരുന്നില്ലേ നിങ്ങള്‍ക്ക്? ഒരാള്‍ക്ക്‌ പണിക്കൂലി ഇനത്തില്‍ ഒരു ദിവസം ലഭിക്കാമായിരുന്ന അഞ്ഞൂറ് രൂപ രണ്ടു ദിവസത്തിനു ഒരു ലക്ഷം പേര്‍ക്ക് കണക്കാക്കുമ്പോള്‍ പത്തു കോടി രൂപയുടെ നഷ്ടം വരുത്തി വെച്ചിട്ട് എന്ത് നേടിയെന്ന്..? സമരം നേരിടുന്നതിന് സംസ്ഥാന ഖജനാവില്‍ നിന്ന് ചിലവായ പൊതുജനത്തിന്‍റെ നികുതിപ്പണമായ കോടികള്‍ക്ക് ആര് ഉത്തരം പറയുമെന്ന്...? 
നിങ്ങളില്‍ അപൂര്‍വ്വം ചിലര്‍ ആ പ്രഖ്യാപനം കേട്ട് കയ്യടിക്കുന്നതും കണ്ടു. അടുത്ത മണിക്കൂറുകളില്‍ കേരളീയ പൊതുസമൂഹത്തിന്‍റെ പരിഹാസ ശരങ്ങള്‍ എങ്ങിനെയാണ് തങ്ങളെ വന്നു മൂടാന്‍ പോകുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കാതിരുന്ന ആ പാവങ്ങളുടെ തലയില്‍, ഇത്രയൊക്കെ തവണ ‘സോളാര്‍,സോളാര്‍’ എന്ന് ഉരുവിട്ടിട്ടും ഒരു സോളാര്‍ ബള്‍ബ്‌ പോലും കത്താതിരുന്നതെന്തേ..?


മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത് പോലെ എന്തെങ്കിലും ഒരു കരാറിന്‍റെ അടിസ്ഥാനത്തിലാണ് ഈ സമരം നിങ്ങളുടെ നേതാക്കള്‍ ഒറ്റു കൊടുത്തതെങ്കില്‍ പ്രിയ സുഹൃത്തുക്കളേ, നിങ്ങളുടെ ദുരവസ്ഥയില്‍ ഞാനും മനം നൊന്ത് സഹതപിക്കുന്നു.

എനിക്കറിയാം, നിങ്ങളില്‍ പലര്‍ക്കും നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കാത്ത വിധമുള്ള അപമാന ഭാരമാണ് നേതാക്കള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന്. നാട്ടിന്‍ പുറത്തെ പീടികക്കോലായില്‍ പരിഹാസത്തിന്‍റെ ക്രൂരമ്പുമായി കാത്തിരിക്കുന്ന തനി നാടന്‍ മനുഷ്യരുടെ മുമ്പില്‍ ഈ കീഴടങ്ങലിന്‍റെ രസതന്ത്രം വിവരിക്കാന്‍ സാധിക്കാതെ പരിഹാസ്യരാവുമ്പോള്‍, നിങ്ങളുടെ ദയനീയാവസ്ഥ കാണാന്‍ അവരുണ്ടാവില്ലല്ലോ.ബംഗാളിന്റെ ചുവപ്പന്‍ മണ്ണില്‍ നിന്ന് ഇതേ നേതാക്കളുടെ സഹചാരികള്‍ തന്നെയാണ് ഉപ്പു വെച്ച കലം പോലെയാക്കി നിങ്ങളുടെ പാര്‍ട്ടിയുടെ ശേഷക്രിയകള്‍ക്ക് തയ്യാറെടുക്കുന്നത് എന്ന് നിങ്ങള്‍ അപ്പോള്‍ ഓര്‍ത്തിരിക്കുമോ..?




എന്ത് ചെയ്യാം, സമര ശേഷം ഞങ്ങള്‍ വിജയിച്ചു എന്ന് വലിയ വായില്‍ വീമ്പിളക്കുന്ന, ലജ്ജയേതുമില്ലാത്ത നേതാക്കളുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുന്ന നിങ്ങളുടെ ‘ശരീര ഭാഷ’ ഞാന്‍ മനസ്സില്‍ കാണുന്നു. ഇനിയൊരിക്കലും ഈ നേതൃത്വത്തെ വിശ്വസിച്ചു ഒരു സമരത്തിനും ഇറങ്ങിപ്പുറപ്പെടില്ലെന്ന നിങ്ങളുടെ ദൃഡപ്രതിജ്ഞയുടെ പല്ല് ഞെരിക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നു..


ക്ഷമിക്കുക.
എല്ലാം മറക്കുക.
ജിവിതത്തിലെ ഏറ്റവും അഭിശപ്തമായ ആ മുപ്പതു മണിക്കൂറുകളെ ഇനിയൊരിക്കലും സ്മൃതിപഥത്തില്‍ എത്താത്ത വണ്ണം കുഴിച്ചു മൂടിയേക്കുക.







ലാല്‍ സലാം.

Sunday, May 6, 2012

ചുവപ്പ് നിലവിളിക്കുമ്പോള്‍ .......!



കരഞ്ഞു കലങ്ങിയ കണ്ണുകളോടെ
അവന്‍ ചോദിക്കുന്നു...
ചെഞ്ചോരക്കൂട്ടിനാല്‍  തുടുത്ത
ഞങ്ങളുടെ ഹൃദയധമനികളില്‍ നിന്ന്
ഇന്നിപ്പോള്‍
പുഴുത്തു നാറിയ ചലത്തിന്റെ പ്രവാഹം
എന്ത് കൊണ്ടായിരിക്കും...?

നന്മയുടെ അവസാന കണികയും
വറ്റി വരണ്ടിടത്ത്,
കൂടപ്പിറപ്പിലൊന്നിന്‍റെ
മുഖവും മൂക്കും ചെവിയുമരിഞ്ഞ്‌, 
ഉന്മത്തനൃത്തമാടിയവരുടെ
വെറുപ്പിന്‍റെ  വിപ്ലവം എന്തായിരുന്നിരിക്കും..?

അവരെ,
കശാപ്പു കത്തിയുമായി
അണിയിച്ചൊരുക്കി
ഇരുളിന്‍ മറവിലേക്കയച്ച 
കാട്ടാളക്കൂട്ടത്തിന്‍റെ 
മനസ്സിലെന്തായിരുന്നിരിക്കും...?

വയ്യ സുഹൃത്തെ,
ഇനിയൊട്ടും  വയ്യാ....
നാളെയുടെ സമ്പദ് സമൃദ്ധികള്‍
പണിയും തുണിയും അന്നവുമായി
കൂരകള്‍ തേടിയെത്തുന്ന വാഗ്ദാനത്തിനു
ചെവിയോര്‍ത്തിരിപ്പാന്‍.
സ്വപ്നങ്ങളുടെ നെഞ്ച് കീറുന്ന 
ചെന്നായ്ക്കൂട്ടങ്ങളോടൊപ്പം 
വേട്ടക്കാരനെ തിരയാന്‍...!

ഞങ്ങള്‍ തിരിച്ചറിയുന്നു..

ഇപ്പോളിപ്പോള്‍,
പകയുടെ ആള്‍ രൂപങ്ങള്‍ക്ക്‌
വല്ലാത്ത ക്രൌര്യമാണെന്ന്......
ഇനിയും നുണഞ്ഞു തീരാനുള്ള
രക്തത്തിന്റെ സ്വാദോര്‍ത്ത് ,
കൂര്‍ത്ത പല്‍മുനകളോടെ
ഇരുളിന്‍റെ വഴികളില്‍
അത് പാത്തിരിക്കുന്നുണ്ടെന്ന്...

ആശയങ്ങളുടെ വിദ്യുദ്‌പ്രവാഹത്തെ,
കൊലക്കത്തി  കൊണ്ടെതിരിടുന്ന 
രാഷ്ട്രീയ നപുംസകങ്ങള്‍ക്ക്
ചുവപ്പ് വെറുപ്പാകുന്നതും,
ചുവപ്പിനെ വെറുപ്പാക്കുന്നതും
മലഭോജ്യം പോലെ പ്രിയങ്കരമായിരിക്കുന്നെന്ന്  ... !

ചുവപ്പിപ്പോള്‍  വല്ലാതെ നിലവിളിക്കുന്നെന്ന്...!!!



Wednesday, March 28, 2012

എന്റെ രണ്ടു രൂപ പത്തു പൈസയും രാഷ്ട്രപതിയും.!



(സംഭവം അല്‍പ്പം തല തിരിഞ്ഞതാണ്. പക്ഷെ എത്ര ആലോചിച്ചിട്ടും ഇത് പറയാതിരിക്കാന്‍ കഴിയുന്നില്ല. എല്ലാം വായിച്ചു കഴിഞ്ഞിട്ടും ഇതല്ല ശരി എന്ന് തോന്നുന്നുവെങ്കില്‍ അത് നിങ്ങളുടെ കുഴപ്പവുമല്ല.)
ഇന്നലെ എന്റെ ഓഫീസിലെ സൗദി സുഹൃത്ത് തുര്‍ക്കി സലാമ അവിചാരിതമായി ഒരു ചോദ്യം.
"രണ്ടു മൂന്നു ദിവസമായി നിങ്ങള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സുഹൃത്തുക്കളുടെ ഫെസ് ബുക്ക്‌ വാളില്‍ മുഴുവന്‍ നിങ്ങളുടെ പ്രസിഡന്റിന്റെ ചിത്രമാണല്ലോ, എന്തെങ്കിലും വിശേഷിച്ച്..?
അവരുടെ വിദേശ യാത്രാ സംബന്ധമായി നാട്ടില്‍ പത്ര മാധ്യമങ്ങളിലും എട്ടും പൊട്ടും തിരിയാത്ത പീക്കിരിപ്പയ്യന്മാര്‍ വരെ സോഷ്യല്‍ മീഡിയകളിലും നടത്തുന്ന പ്രചാരണങ്ങളെ കുറിച്ച് ഞാന്‍  വിശദീകരിച്ചു കൊടുത്തു. അവിശ്വസനീയമായ മുഖഭാവത്തോടെ ഇരിക്കുന്ന അവന്റെ ആ ഇരിപ്പ് കണ്ടപ്പോള്‍ എവിടെയാണ് പിഴച്ചതെന്നായി എന്റെ ശങ്ക.....
ഒരു വട്ടം കൂടി വിശദീകരണം ആവശ്യമെന്ന് തോന്നിയത് കൊണ്ട് അതിനു മുതിരവേ അവന്റെ ചോദ്യം വന്നു- നിങ്ങള്‍ ഇന്ത്യക്കാര്‍ ജനസംഖ്യയില്‍ നൂറു കൂടിയിലേറെ വരും എന്ന് കേട്ടിട്ടുണ്ട്.ശരിയല്ലേ..? 
എന്റെ ഉത്തരം അതെ എന്ന് കേട്ട പാടെ അവന്‍ കാല്കുലെടര്‍   കയ്യിലെടുത്തു. എന്തോ ചിലത് കണക്കു കൂട്ടിയ ശേഷം, "അതായത് ഓരോ ഇന്ത്യക്കാരനും കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് നിങ്ങളുടെ പ്രസിഡന്റിന്റെ വിദേശ യാത്രക്ക് വേണ്ടി മുടക്കിയത് വെറും രണ്ടു രൂപ പത്തു പൈസ മാത്രം.! ഇതിലിത്ര കോലാഹലത്തിനു എന്തിരിക്കുന്നു...?"
എന്ത്...?!!!
ദൈവമേ...ഞങ്ങളീ ഇന്ത്യക്കാര്‍ ഇങ്ങിനെ എച്ചിക്കണക്ക് പറയുന്നവരായോ..? കണക്കു ശരിയെന്നു ഉറപ്പു വരുത്തിയപ്പോള്‍ സത്യത്തില്‍ എനിക്കും  ലജ്ജ തോന്നി . പക്ഷെ  അങ്ങിനെ വിടാന്‍ പറ്റില്ലല്ലോ..  (മറ്റു രാജ്യക്കാരുടെ മുമ്പില്‍ സ്വന്തം നാടിനെ കുറ്റം പറയുന്നതില്‍ അഭിമാനിക്കുന്ന പുത്തന്‍ തലമുറയുടെ പ്രതിനിധി തന്നെയല്ലേ ഞാനും.?)
മിസ്ടര്‍ തുക്കീ, താങ്കള്‍ക്കറിയുമോ..? പണം ചിലവാകുന്നതില്‍ മാത്രമല്ല കാര്യം. ഇത്തരം യാത്രകള്‍ കൊണ്ട് ഞങ്ങളുടെ രാഷ്ട്രത്തിനു എന്ത് നേട്ടമാണ് ഉണ്ടാകുന്നത്..?
വീണ്ടും അവന്റെ മുഖത്ത്‌ അത്ഭുത ഭാവം.. "ഒരു രാഷ്ട്രത്തിന്റെ നായകന്‍ ഇതര രാജ്യം സന്ദര്‍ശിക്കുമ്പോള്‍ നേരിട്ടുള്ളതിനേക്കാള്‍ ഗുണ ഫലങ്ങള്‍ നേരിട്ടല്ലാതെ സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ പ്രധാനമന്ത്രി സൗദി സന്ദര്‍ശിച്ച ആ കാലഘട്ടം ഒന്നോര്‍മിക്കൂ.. ഏതാണ്ട് രണ്ടാഴ്ച മുമ്പ് തന്നെ ഞങ്ങളുടെ ദേശീയ മാധ്യമങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. അടുത്ത പതിറ്റാണ്ടിലെ ലോക നേതൃത്വം കയ്യാളാന്‍ ധാര്‍മ്മികമായും മനുഷ്യശേഷി പരമായും ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇന്ത്യയെപ്പോലുള്ള ഒരു മഹാരാജ്യത്തിന്റെ നേതാവിന്റെ സന്ദര്‍ശനത്തിനു അത്ര മാത്രം പ്രാധാന്യമുണ്ടെന്ന് ഓരോ സൗദി പൌരനെയും ഓര്‍മിപ്പിക്കുന്ന പരിപാടികളാണ് ആ ആഴ്ചകളില്‍ മാധ്യമങ്ങളില്‍, വിശേഷിച്ച്‌ ഗവര്‍മെന്റ് നിയന്ത്രിത മാധ്യമങ്ങളില്‍ വന്നു കൊണ്ടിരുന്നത്. നിങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, ടൂറിസം സാധ്യതകള്‍,സാസ്കാരിക വ്യതിരിക്തകള്‍ തുടങ്ങിയവയെ കുറിച്ചൊക്കെ ഞങ്ങളുടെ നാട്ടുകാര്‍ ഏറെ മനസ്സിലാക്കിയത് അക്കാലത്തായിരുന്നു. ഇതൊക്കെ തന്നെയല്ലേ താങ്കളുടെ രാജ്യത്തിന്‌ ലഭിക്കുന്ന വലിയ നേട്ടവും..?


"അല്ലാ..ഇത്ര തുക ചിലവായി എന്ന് നിങ്ങള്‍ക്കെങ്ങിനെയാണ് അറിയാന്‍ സാധിക്കുന്നത്....?

അവന്റെ ചോദ്യം....
രാജ്യത്തെ വിവരാവകാശ നിയമത്തെ കുറിച്ച് പറഞ്ഞപ്പോള്‍ യൂറോപ്പ്യന്‍ വിദ്യാഭ്യാസമുള്ള അവന്റെ മുഖം ചുവന്നു തുടുത്തു. "സ്വന്തം രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ പോലും സാധിക്കാത്ത വിവിധ രാജ്യവാസികളുടെ ഉള്‍സംഘര്‍ഷങ്ങള്‍ മനസ്സിലാകുമ്പോഴേ നിങ്ങളുടെ രാജ്യത്തിന്റെ മഹത്വം നിങ്ങള്ക്ക് മനസ്സിലാകൂ... വിവാദങ്ങള്‍ക്ക് ചിലവിടുന്ന അധ്വാനവും സമയവും സമ്പത്തും കുറച്ചു കൂടി ക്രിയാത്മകമായി ഉപയോഗിച്ചാല്‍.....!!!
ഛെ..ഛെ...ആകെ മോശമായി..ആ സംസാരം സിറിയയില്‍ നിന്നുള്ള ഇന്നലത്തെ വാര്‍ത്തകളില്‍ അവസാനിക്കുമ്പോള്‍ ഇനിയെന്നാണ് അഭിമാനിയായ ഒരിന്ത്യക്കാരന്‍ ആകാന്‍ സാധിക്കുക എന്നതായിരുന്നു എന്റെ ചിന്ത..!

(ഗുണപാഠം-സ്വന്തം രാജ്യത്തിന്റെ കുറ്റമായാലും സൗദിയിലെ പുതിയ തലമുറയോട് പറയുമ്പോള്‍ സൂക്ഷിക്കുക. ലോക വിചാരങ്ങളില്‍ അവര്‍ ഏറെ മുന്നേറിയിരിക്കുന്നു..അതിലുപരി 'ഹിന്ദി' എന്ന് വിളിക്കുന്ന ഇന്ത്യയോട്‌ അവരിലേറെപ്പേരും ഹൃദയ ബന്ധം സൂക്ഷിക്കുന്നു..)

 

Friday, October 21, 2011

വരകള്‍ വെളിച്ചമാകുമ്പോള്‍ ....


കൗമാരം.
ആദ്യം,
ഒരു വര വരച്ചു.
ഒരൊറ്റ വര.
അന്ന് മുതല്‍ ഞാന്‍
അധികപ്രസംഗി..


യൗവ്വനം...
ആദ്യ വരയില്‍ നിന്ന്
രണ്ടാമത്തെ വരയിലേക്ക്,
ചാഞ്ചല്ല്യത്തിന്റെ 
ചെറിയ ഇടവേള.
എന്നിട്ടും ഞാനാ വര വരച്ചു.
അപ്പോള്‍ മുതലാണ്‌
എനിക്കുമെന്നെ 
വേണ്ടാതായി തുടങ്ങിയത്.


മദ്ധ്യാഹ്നം..
ഇനി,
ഒരു വര കൂടി വരക്കണം.
അതെനിക്ക് കുറുകേ.
കഴിഞ്ഞാല്‍ നെടുകയും.
എനിക്കും നിങ്ങള്‍ക്കും
തെളിച്ചമാകാന്‍..
...........................
വരകള്‍ വെളിച്ചമാകുന്നത്
അങ്ങിനെയൊക്കെയാണ്...



(ചില വരകളുടെ മൂര്‍ച്ച,
-വരികളുടെയും-
അഹം ബോധത്തിന്റെ 
കടയ്ക്കലൂടെ  ആഴത്തില്‍
കടന്നു പോകുമത്രേ..)

Monday, June 20, 2011

ആരോടും പറയരുത്..




ആരോടും പറയരുത്..
ഹൃദയത്തില്‍ നിന്നൊഴുകുന്ന
രക്തച്ചുവയുള്ള  സ്വപ്നങ്ങള്‍ക്ക്  ഇനി 
നീ മാത്രമാണ് അവകാശിയെന്ന്...
...........................................
ഇന്നലെ വരെ,
ഞാനൊരു സങ്കടക്കടല്‍..
ഓര്‍മ്മകളുടെ ഉപ്പു തീര്‍ത്ത
മുറിവിന്റെ ചൊരുക്കില്‍
തൊണ്ടയില്‍ കുടുങ്ങിയ
നിലവിളിയുമായി
തളര്‍ന്നു കിടന്നവന്‍.


നിന്നിലേക്കുള്ള
വഴിദൂരമളന്ന 
ശബ്ദവുമായി,
കടല്‍ക്കാറ്റ്   കാതങ്ങള്‍
പൊയ്ക്കഴിഞ്ഞിരുന്നു  .
.................................
ഇന്ന്,
ആത്മാവിന്റെ ഉത്സവ ദിനം..
പുതിയ ഉടുപ്പണിഞ്ഞ് ,
അത്തര്‍ പൂശി,
ആളുകള്‍ക്കിടയിലൂടെ
ഒരു നടത്തമുണ്ട്...
ഇന്നെന്റെ ശിരസ്സ്‌ ഉയര്‍ന്നിരിക്കും.
മനസ്സില്‍ സംഗീതവും 
ചുണ്ടുകളില്‍ നിറഞ്ഞ പുഞ്ചിരിയും..
ഈ പ്രായത്തിലിനി
തുള്ളിച്ചാടുക വയ്യാ..


കളഞ്ഞു പോയതും
തിരിച്ചു കിട്ടിയതും
അത്ര മേല്‍ പ്രിയപ്പെട്ടതാണ്..
അല്ല, അതെന്റെ ആത്മാവ് തന്നെയാണ്.
....................................................


ആരോടും പറയരുത്..
ജീവാമൃത് പോലെ,
ഉളിലേക്ക് കിനിഞ്ഞിറങ്ങുന്ന
സാന്ത്വനത്തിന്റെ ഈ നനുത്ത സ്പര്‍ശം
വീണ്ടുമെന്നെ മനുഷ്യനാക്കുന്നു എന്ന്...


(ഉള്ളില്‍ ബാക്കിയായിരുന്ന സങ്കടത്തീയില്‍ വെള്ളമൊഴിച്ച്
കെടുത്തിയ വാക്കുകള്‍ക്ക്..ജ്ഞാനത്തിന്...)

Tuesday, December 28, 2010

സ്നേഹത്തിന്റെ മറ്റൊരു കണക്കു പുസ്തകം.


നിനക്കറിയുമോ,
സ്നേഹത്തിന്റെ ഈ പുസ്തകവും തുറന്ന് വെച്ച്
ഞാനീ ഇരിപ്പിരിക്കാന്‍ തുടങ്ങിയിട്ട്
നേരമെത്രയായെന്നു?
ആണ്ടറുതിയുടെ
വ്യാകുലതകളില്‍ മനസ്സുടക്കി
വീണ്ടു വിചാരത്തിന്റെ കപടതക്ക്
ആമുഖം കുറിക്കാന്‍
ഒരു ചടഞ്ഞിരിപ്പ്.

ഇപ്പോള്‍
എനിക്ക് തോന്നുന്നു,
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍
അതില്‍ കത്തുന്ന ഒരാത്മാവുണ്ടായിരിക്കുമെന്ന്.
ഞാന്‍ നിന്നെ
സ്നേഹിക്കുന്നു എന്ന്
നീയെന്നോട്‌ പറയുമ്പോള്‍
ഉഷ്ണ പ്രവാഹത്തില്‍ ഉരുകിയൊലിക്കുന്ന
മനസ്സിന്റെ തേങ്ങലുകള്‍ ഉണ്ടായിരുന്നുവെന്നു.

നിഷ്കളങ്ക കൗമാരത്തിന്റെ 
വസന്ത കാലത്ത്
ഈ പുസ്തകത്തില്‍ നിറയെ
സ്നേഹ സങ്കീര്‍ത്തനത്തിന്റെ
 
വെളുത്ത താളുകളായിരുന്നു.

പിന്നീട്,
നിറയെ കുത്തി വരച്ചു
നീയത് വികൃതമാക്കിയത്
എന്തിനായിരിക്കും?

നീ കാണാതെ ഞാനൊളിപ്പിച്ച
മയില്‍‌പീലി തുണ്ടിനെ
പോക്ക് വെയിലിന്റെ
ഉമ്മറത്തിട്ടു കൊടുത്തതും
എന്തിനായിരിക്കും?


ഇന്നീ പുതുവര്‍ഷ തലേന്ന്
ആകെ കെട്ടു പിണഞ്ഞ
സ്നേഹത്തിന്റെ കണക്കുപുസ്തകത്തില്‍ നോക്കി
തലപുകഞ്ഞു ഞാനിരിക്കുന്നു.
ലാഭമെത്ര...നഷ്ടമെത്ര.....?

പഴകി പൊടിഞ്ഞു തുടങ്ങിയ
ഈ പുസ്തകത്തില്‍ നിന്ന്
ഏറെ താളുകളും നഷ്ടപ്പെട്ടിരിക്കുന്നു
എന്നോര്‍മിപ്പിക്കുമ്പോള്‍
നീ തല തല്ലി ചിരിക്കുന്നതെന്തിനാണ്..?

എങ്കിലും,
പറഞ്ഞും പറയാതെയുമൊഴുകിയ
നിന്റെ സ്നേഹത്തിന്റെ
കുളിര്‍ നീരുറവയില്‍  
ഞാനിത്തിരി നേരം മുങ്ങി കിടക്കട്ടെ. 

ലാഭ ചേദങ്ങള്‍ പൂജ്യമാകുന്ന
നിന്റെ ഓര്‍മയുടെ തീരത്ത്,
ഒരു നീല പൊന്മാന്‍
കണ്പാര്‍ക്കുന്നതെന്തായിരിക്കും.?
……